മലയാളികൾ ഒന്നാകെ കരുതിയിരുന്നത് ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പണ്ട് മുതലേ പരിചയം ഉള്ളവരും കളിക്കൂട്ടുക്കാരുമാണെന്നാണ്. എന്നാൽ അതെല്ലാം തെറ്റാണെന്നും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പൂജയുടെ സമയത്താണ് ഇരുവരും ആദ്യമായി കണ്ടതെന്നും വ്യക്തമാക്കിയിരിക്കുകയാണ് രണ്ടു പേരും. ഹിറ്റ് 96.7 എഫ് എമ്മിൽ വെച്ചാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, സംവിധായകൻ അനൂപ് സത്യൻ എന്നിവർ എത്തിയത്. GCCയിൽ ഇന്നും കേരളത്തിൽ നാളെയുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. ചിത്രം നിർമ്മിക്കുന്നതിൽ എം സ്റ്റാർ എന്റർടയിൻമെന്റ്സും പങ്കാളികളാണ്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയ പ്രമുഖ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്ശന് മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യം ചിത്രം കൂടിയാണിത്.