വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബിലെ കലിപ്പ് നായകനായി എത്തി പിന്നീട് പ്രണയവും മാസ്സുമെല്ലാമായി മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പിടിച്ചെടുത്ത നടനാണ് നിവിൻ പോളി. സിനിമ പാരമ്പര്യം ഒന്നുമില്ലാതിരുന്നിട്ടും ഉയരങ്ങൾ കീഴടക്കിയ നിവിൻ കോളേജ് പഠന കാലത്ത് കണ്ടെത്തിയ പെണ്ണിനെ തന്നെയാണ് വിവാഹം കഴിച്ചതും. ആ വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് നിവിന്‍. ഇവിടെ പഠിക്കുമ്പോഴാണ് നിവിന്‍ പോളിയും റിന്ന ജോയിയും സുഹൃത്തുക്കളാവുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിവിന്‍ സിനിമയിലേക്ക് എത്തി തൊട്ട് പിന്നാലെ ആയിരുന്നു വിവാഹം.
2010 ആഗസ്റ്റ് 28 ന് ആലുവയിലെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചില്‍ വെച്ച് ലളിതമായ രീതിയില്‍ ഇരുവരും വിവാഹിതരായി. 2012 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ദാവീദ് എന്ന് പേരുമിട്ടു. ദാദ എന്ന വിളിപ്പേരില്‍ അച്ഛനെ പോലെ തന്നെ താരപുത്രന് ദാവീദിനും കേരളം മൊത്തം ആരാധകരുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു നിവിന്‍ പോളിയ്ക്കും റിന്നയ്ക്കും ഒരു മകള്‍ കൂടി പിറക്കുന്നത്. റോസ് ട്രീസ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഈ മേയ് മാസം താരപുത്രി തന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.