ഹനുമാനെ പോലെ മാറ് പിളർന്ന് ഹ്യൂമനോയിഡും മാറിനുള്ളിൽ സൗബിനും കൂടെ രാജാ രവി വർമയുടെ ‘ലക്ഷ്മി ഓൺ ലോട്ടസ്’ പെയിന്റിംഗിന്റെ പശ്ചാത്തലവുമായി എത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ അമ്പരപ്പും ആകാംക്ഷയും നിറച്ചിരുന്നു. ഇപ്പോഴിതാ അതിലും ഏറെ അമ്പരപ്പുളവാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒറിജിനൽ റോബോട്ട് തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെ ചിത്രത്തിന് വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് അഭിമുഖത്തിൽ പറഞ്ഞു.റോബോട്ട് പ്രധാന കഥാപാത്രം ആകുന്നു എന്നത് കൊണ്ട് അതിന്റെ കൃത്യമായി രൂപകല്‍പ്പനയ്ക്ക് വേണ്ടി ആവശ്യത്തിന് സമയം മാറ്റിവെയ്ക്കുകയും ചെയ്തു. പലതവണ മാറ്റി നിര്‍മ്മിച്ച ശേഷം റോബോട്ടിനെ നിശ്ചയിച്ചതെന്നും രതീഷ് പറയുന്നു.
രണ്ട് വര്‍ഷം മുന്‍പ് തന്നെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന സമയം മുതല്‍ റോബോട്ട് നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ആദ്യ ഡിസൈനുകള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ മാറ്റി വീണ്ടും നിര്‍മിച്ചു. ഒടുവില്‍ ബോംബെയില്‍ നിന്ന് ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന റോബോട്ട് നിര്‍മിച്ചത്. സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്തതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഇത്തരത്തില്‍ ഒരു പരീക്ഷണചിത്രം ഒരുക്കാന്‍ ധൈര്യം നല്‍കിയത്.