നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മൂവി കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് പൂർത്തിയായി. 161 ദിവസം നീണ്ട് നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായതായി നിവിൻ പോളി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ബോബി – സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് ഏകദേശം 40 കോടിയാണ്. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ നിർമാണം. ഇത്തിക്കര പക്കിയുടെ വേഷത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നുള്ളത് ആരാധകർക്കും ഏറെ ആവേശം പകരുന്ന ഒന്നാണ്.
ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിക്ക് വേണ്ടി പ്രൊഡക്ഷൻ കോ-ഓർഡിനേഷൻ നിർവഹിച്ച ഫയർ ഫ്ലൈ തന്നെയാണ് ചിത്രത്തിന്റെ നിർമാണം നിയന്ത്രിക്കുന്നത്. ബാഹുബലിയുടെ സൗണ്ട് ഡിസൈനർ സതീഷാണ് കായംകുളം കൊച്ചുണ്ണിക്ക് പിന്നിലും പ്രവർത്തിക്കുന്നത്. പ്രേക്ഷകർക്ക് എന്തായാലും ഒരു ബ്രഹ്മാണ്ഡ അനുഭവമായിരിക്കും ചിത്രമെന്ന് ഉറപ്പ്. ഓഗസ്റ്റ് മാസം ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.