പൃഥ്വിരാജിന്റെ സംവിധായക മികവിനെക്കുറിച്ച് പറഞ്ഞ് നടന് ജഗദീഷ്. ഒരു പക്കാ പ്രൊഫഷണല്‍ സംവിധായകനാണ് പൃഥ്വിരാജ്. കാമറ, ലെന്‍സ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെര്‍ഫോമന്‍സാണ് പൃഥ്വിരാജെന്ന സംവിധായകന് പുറത്തെടുക്കുന്നത്’, ജഗദീഷ് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബിഗ് എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും ഐഎഎന്‍എസിന് നല്കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായെന്നും താരം പറയുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി.
മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. ലാലു അലക്സ്, മീന, കല്യാണി പ്രിയദര്ശന്, ഉണ്ണി മുകുന്ദന്, കനിഹ, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസാണ്.