മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. 2012ലെ വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ നടന്. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അമ്ബിളിച്ചേട്ടന്റെ കഥാപാത്രങ്ങള്‍ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല. നാടകത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി.
ഇന്ന് ജഗതിയുടെ എഴുപതാം പിറന്നാൾ ആണ്, കോവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ നടന് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പേര് താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. പിറാന്നാളിനൊപ്പം ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന സന്തോഷ വാര്‍ത്തകൂടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ജഗതിയുടെ മകന് രാജ്കുമാറാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.