വലിയ ബഹളമില്ലാതെയാണ് വന്നതെങ്കിലും തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ജാനേമൻ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആണ് ജാനേമൻ തിയറ്ററുകളിൽ റിലീസ് ആയത്. ആദ്യം വളരെ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത പടം പിന്നീട് കൂടുതൽ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഹൗസ്ഫുൾ ആയിരുന്നു ജാനേമൻ. ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകൻ.
ചിത്രം റിലീസ് ചെയ്ത് നാലാം വാരത്തിൽ എത്തി നിൽക്കുമ്പോൾ കേരള ഗ്രോസ് ആയി നേടിയത് പത്തുകോടി രൂപയാണ്. വളരെ ചെറിയ ബജറ്റിൽ ആയിരുന്നു ജാനേമൻ എന്ന കൊച്ചു തമാശപ്പടം ഒരുക്കിയിരുന്നത്. എന്നാൽ, കേരളത്തിലെ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചിത്രം പത്തുകോടി കളക്ഷനിലേക്ക് എത്തി.
വ്യത്യസ്തമായ ഉള്ളടക്കവും അതിനെ കൃത്യമായ രീതിയിൽ ട്രീറ്റ് ചെയ്തതുമാണ് ജാനേമൻ എന്ന പടത്തിന്റെ വിജയം. ചിത്രത്തിന്റെ സംവിധായകനായ ചിദംബരം നടൻ ഗണപതിയുടെ സഹോദരനാണ്. സംവിധായകനും നടൻ ഗണപതിയും സപ്നേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരും ഒട്ടേറെ പുതുമുഖ താരങ്ങളും അഭിനയിച്ചിരിക്കുന്നു. ആദ്യം വെറും 90 സ്ക്രീനുകളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം എത്തുകയായിരുന്നു.