സംവിധായകനാണെങ്കിലും നടനെന്ന നിലയിലും മലയാളി സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. ബേസിൽ പ്രധാനവേഷത്തിൽ എത്തിയ ജാൻ – എ- മൻ വൻ വിജയമായിരുന്നു. ഇപ്പോൾ ഇതാ ബേസിലിനെ നായകനാക്കി അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിന്റ ടൈറ്റിൽ ലുക്ക് ടോവിനോ തോമസ് ആണ് പുറത്തിറക്കിയത്. ‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനം മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിനു പരിചിതനായ വിപിൻ ദാസ് ആണ്. ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ജാൻ -എ -മൻ എന്ന സിനിമക്ക് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ഈ ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകവേഷത്തിൽ എത്തുമ്പോൾ ദർശന രാജേന്ദ്രൻ ആണ് നായികയായി എത്തുന്നത്. തിയറ്ററുകളിൽ പ്രദർശന വിജയം നേടുന്ന ഹൃദയം എന്ന ചിത്രത്തിൽ ദർശനയുടെ വേഷം ശ്രദ്ധേയമാണ്. അതേസമയം, പുതിയ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.