രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഗംഭീര അഭിപ്രായവുമായി ഈ അവധിക്കാലത്തെ ഏറ്റവും മികച്ച ചിത്രമായി മുന്നേറുകയാണ്. ജയറാമിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ചിത്രം പകർന്നു തരുന്നത് നന്മ നിറഞ്ഞ ഒട്ടേറെ കാര്യങ്ങളാണ്. ചാക്കോച്ചൻ, അനുശ്രീ, മല്ലിക സുകുമാരൻ, ധർമജൻ, ജോജു ജോർജ് എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിന് പിന്നിലുണ്ട്. കുടുംബപ്രേക്ഷകർക്ക് കുറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു ചിത്രം കാണാൻ സാധിച്ചുവെന്നുള്ളതാണ് ഏറെ സന്തോഷം പകരുന്ന വസ്തുത. ആ സന്തോഷം തന്നെയാണ് ചിത്രത്തിന്റെ വിജയം. വിജയം പകർന്നേകിയ സന്തോഷം പ്രേക്ഷകർക്കും പകരുവാൻ വേണ്ടി, അവർക്ക് നേരിട്ട് തന്നെ നന്ദി അർപ്പിക്കുവാൻ വേണ്ടി ജയറാം തീയറ്ററുകൾ സന്ദർശിക്കുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് ജയറാം ഇന്നലെ വൈകിട്ട് തൃശൂർ രാംദാസിലും പാലക്കാട് പ്രിയദർശിനിയിലും പ്രേക്ഷകരെ കാണാൻ എത്തിയത്.