രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഇന്ന് വിജയകരമായ 50 ദിവസങ്ങൾ പിന്നിടുകയാണ്. മികച്ച അഭിപ്രായം കിട്ടിയ ചിത്രങ്ങൾ പോലും രണ്ടാഴ്ചയിൽ കൂടുതൽ തീയറ്ററുകളിൽ പ്രദർശനം തുടരാൻ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് അൻപതാം ദിവസത്തിലും റിലീസ് ചെയ്ത 35 തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിന് ഇത്തരത്തിൽ ഒരു വിജയം നൽകിയ ഏവർക്കും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം നന്ദി പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളായ മണിയൻ പിള്ള രാജു, സപ്തതരംഗ്, സംവിധായകൻ രമേഷ് പിഷാരടി, അഭിനേതാക്കൾ, അണിയറപ്രവർത്തകർ അങ്ങനെ എല്ലാവർക്കും ജയറാം നന്ദി പറഞ്ഞു. ജയറാം തന്റെ കരിയറിൽ നടത്തിയ ഒരു വൻ തിരിച്ചുവരവാണ് പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. ഈ ഒരു കൊച്ചുസിനിമയുടെ വലിയ വിജയത്തിന് കാരണം തീർച്ചയായും നന്മ നിറഞ്ഞ പ്രേക്ഷകർ തന്നെയാണ്. അവർ ഈ ചിത്രത്തെ നൂറാം ദിവസത്തേക്ക് എത്തിക്കുമെന്നുറപ്പുണ്ട്.