മലയാളികൾക്ക് ഓർത്തിരിക്കാവുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തുന്ന പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറം. തിരക്കഥയുടെ കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് സത്യന് അന്തിക്കാട് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കൊറോണ നിയന്ത്രണങ്ങള്‍ മാറിയാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ലോക്ക്ഡൗണിനു മുന്‍പ് ഒരു മമ്മൂട്ടി ചിത്രം ഷൂട്ടിംഗ് തുടങ്ങുന്നതിനാണ് സത്യന് അന്തിക്കാട് നിശ്ചയിച്ചിരുന്നത്.
ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മകന് അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്ന യൂണിറ്റും ക്രൂവും തന്നെയാണ് മമ്മൂട്ടി ചിത്രത്തിനും നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് തുടങ്ങി 10 ദിവസം ആയപ്പോള്‍ മുടങ്ങിയ ഈ ചിത്രം ആദ്യം പൂര്‍ത്തിയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. ഭാഗ്യദേവതയാണ് സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായ അവസാനചിത്രം.