കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നും വ്യത്യസ്ഥതയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമാണ് പഞ്ചവർണതത്തയിലെ കഥാപാത്രം. ഊരും പേരും അറിയാത്ത ആ കഥാപാത്രം കേരളക്കരയൊന്നാകെ തന്റെ പഞ്ചവർണതത്തയെ കൊണ്ട് വിജയം കുറിച്ച് മുന്നേറുമ്പോൾ മലയാളത്തിന് ഒരു പുതിയ സംവിധായകനെ കൂടി അതിലൂടെ ലഭിച്ചു. അവതാരകനും സ്റ്റാൻഡ് അപ്പ് കോമേഡിയന്മാരിലെ മുടിചൂടാമന്നനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായ ചിത്രം മികച്ച അഭിപ്രായവും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. തന്റെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കുടുംബപ്രേക്ഷകരെ കാണാനും നന്ദി പറയാനുമായിട്ട് ജയറാം നേരിട്ടെത്തുകയാണ്. വരുന്നത് ഒറ്റക്കല്ല വിജയം സമ്മാനിച്ച ആ നായിക..സുന്ദരിയായ പഞ്ചവർണതത്തയും കൂടെയുണ്ടാകും.