മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിലെ ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് നടൻ ജയസൂര്യ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സല്യൂട് കേരളം എന്ന പരിപാടിയിലാണ് ജയസൂര്യ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.
‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ ഒരു ഇമോഷണൽ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകനായ ലിജോയും ടിനു പാപ്പച്ചനും ഇറങ്ങിപ്പോയിരുന്നു. സംഭവത്തെക്കുറിച്ച് ജയസൂര്യയാണ് പൊതുസദസിൽ പറഞ്ഞത്. മമ്മൂക്കയുടെ അനുവാദമില്ലാതെയാണ് ഇത് പറയുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ‘നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ലിജോയും ടിനു പാപ്പച്ചനും ഇറങ്ങി പോയി… രംഗം തീർത്തു മമ്മൂക്ക ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെർഫോമൻസ് ഇഷ്ടപെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ലിജോയുടെ മറുപടി… ഇല്ല ഇക്ക ഞാൻ ഭയങ്കര ഇമോഷണൽ ആയി പോയി എന്നായിരുന്നു’. മമ്മൂക്കയുടെ സാന്നിധ്യത്തിൽ ആയിരുന്നു ജയസൂര്യ ഇങ്ങനെ പറഞ്ഞത്.
‘നന്‍പകല്‍ നേരത്ത് മയക്ക’മെന്നാൽ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന് പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രമ്യ പാണ്ട്യന്, അശോകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ.