എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിച്ചു പോരുന്ന മാന്ത്രികനായ വൈദികൻ കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമാണ് കത്തനാർ. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം. തിരക്കഥ ആർ. രാമാനന്ദ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം ത്രീഡി ഫോർമാറ്റിലാണ് ഒരുങ്ങുന്നത്. ഫാന്റസി – ത്രില്ലർ ഗണത്തിൽ പെടുന്നതായിരിക്കും ചിത്രം. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ചിത്രമായിരിക്കും ‘കത്തനാർ’ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യ ഇപ്പോൾ.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും.
വി സി പ്രവീണും ബൈജു ഗോപാലനുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. നീൽ ഡി കൂഞ്ഞയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം സംഗീതവും സിദ്ധു പനക്കൽ പ്രൊഡക്ഷൻ കൺട്രോളിംഗും നിർവഹിക്കുന്നു. സെന്തിൽ നാഥനാണ് വെർച്വൽ പ്രൊഡക്ഷൻ ഹെഡ്. വിഷ്ണു രാജ് സിജിഐ ഹെഡായി പ്രവർത്തിക്കുന്നു.