നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രം ഇറങ്ങിയിട്ട് ഇന്ന് അഞ്ചു വർഷം തികയുകയാണ്. അഞ്ചു വർഷം തികയുന്ന ഇന്ന് മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി നാദിർഷ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും ആയിരുന്നു നായകനിരയിൽ എത്തിയിരുന്നത്. പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് ജയസൂര്യ ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ആദ്യ ചിത്രത്തിലെ പല താരങ്ങളും രണ്ടാമത്തെ ചിത്രത്തിൽ അണിനിരക്കും എന്നും അറിയിച്ചിട്ടുണ്ട്. സലിംകുമാർ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൌസാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും പ്രോജക്റ്റ് ഡിസൈനിങ് ബാദുഷയുമാണ് കൈകാര്യം ചെയ്യുക. ആദ്യചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്.