മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ യുവതാരമാണ് ജയസൂര്യ. ഈ ഓണദിനത്തിൽ ജയസൂര്യയുടെ പിറന്നാളായിരുന്നു. ഓണവും പിറന്നാളും ഒന്നിച്ചു കൊണ്ടാടുന്ന ദിവസത്തിൽ അദ്ദേഹം ഒരു സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ്. മിനിയുടെ ക്ലബ്മാന്റെ സ്പെഷ്യൽ പതിപ്പായ ഇന്ത്യൻ സമ്മർ എഡിഷനാണ് അദ്ദഹത്തിന്റെ പിറന്നാൾ ഓണ ‘സമ്മാനമായി’ ഗ്യാരേജിലെത്തിയത്. ഇന്ത്യൻ സമ്മർ എഡിഷന്റെ 15 യൂണിറ്റ് മാത്രമാണ് രാജ്യത്തെത്തിയിട്ടുള്ളത്. ഇതിൽ 13 ലോവർ സ്പെക്കും രണ്ട് ഉയർന്ന പതിപ്പുമാണുള്ളത്. 67 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന ഈ ഉയർന്ന വകേഭേദമാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ജയസൂര്യ. തിരുവോണദിനത്തിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് അദ്ദേഹം ഈ വാഹനം ഡെലവറി എടുത്തത്. 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ക്ലബ്മാൻ സമ്മർ എഡിഷന്റെ ഹൃദയം. ഇത് 189 ബിഎച്ച്പി പവറും 280 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്പോർട്സ് മോഡ് ഉൾപ്പെടെ നൽകിയിട്ടുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 7.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.