മലയാളസിനിമയിലേക്ക് ഏകദേശം ഒരേ കാലഘട്ടത്തിൽ എത്തിയ അഭിനേതാക്കളാണ് പൃഥ്വിരാജും ജയസൂര്യയും. ഇരുവരും തങ്ങളുടെ കഴിവിലൂടെ സിനിമാലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുത്തവർ. പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് ജയസൂര്യ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രൊഫഷണൽ ജീവിതത്തിന് അപ്പുറമുള്ള ആ സൗഹൃദത്തെക്കുറിച്ച് ജയസൂര്യ മനസു തുറന്നത്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പൃഥ്വിരാജിനെ കണ്ട കഥയാണ് ജയസൂര്യ പങ്കുവെച്ചത്. ‘അന്ന് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന് പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഡോര്‍ തുറന്ന് ഒരുത്തന് ഇങ്ങനെ വന്ന് നില്‍ക്കുകയാണ്. ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞു. അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. അങ്ങനെ അവന് വന്നിട്ട് കുറെ നേരം കഴിഞ്ഞിട്ടാണ് കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അത് മെയിന്റെയിൻ ചെയ്യുന്നുണ്ട്.’
ഇപ്പോള്‍ എല്ലാവര്ക്കും തിരക്കാണെന്നും ജയസൂര്യ പറഞ്ഞു. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടില്‍ കൂടും അല്ലെങ്കില്‍ അവന് വീട്ടില്‍ വരും. ഇടയ്ക്ക് ഇന്ദ്രന്റെ വീട്ടില്‍ പോവും. അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ട്. രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരുത്തനാണ് അവന്. ഇന്ദ്രനും നരേയ്നും അങ്ങനെയാണെന്നും ജയസൂര്യ പറഞ്ഞു.