വേറിട്ട ചിത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ ഏതറ്റം വരെയും പോകുന്ന ഒരു കൂട്ടുകെട്ടാണ് ജയസൂര്യ, രഞ്ജിത് ശങ്കർ എന്നിവരുടേത്. വിജയകരമായി പ്രദർശനം തുടരുന്ന ഞാൻ മേരിക്കുട്ടി എന്ന ഒറ്റചിത്രം മതി അത് മനസ്സിലാക്കുവാൻ. സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, പ്രേതം തുടങ്ങിയവയെല്ലാം ആ കൂട്ടുകെട്ട് തീർത്ത അത്ഭുതങ്ങളാണ്. ഇപ്പോളിതാ ആ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. സൂപ്പർഹിറ്റായി മാറിയ പ്രേതത്തിന് രണ്ടാം ഭാഗവുമായാണ് അവർ എത്തുന്നത്.
2016ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റായി ജയസൂര്യ ഒരു മനോഹര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഒരു റിസോർട്ടിൽ നടക്കുന്ന ചില അസ്വാഭാവിക സംഭവങ്ങളും അതിന്റെ കാരണം തേടിയെത്തുന്ന ഒരു മെന്റലിസ്റ്റുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഹൊറർ കോമഡിയായി ഒരുക്കിയ ചിത്രത്തിന് രണ്ടാം ഭാഗം എത്തുന്നു എന്നറിയുമ്പോഴും വേറിട്ടൊരു ചിത്രം തന്നെ ഈ കൂട്ടുകെട്ടിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് പ്രേതം നിർമിച്ചതും.