എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിച്ചു പോരുന്ന മാന്ത്രികനായ വൈദികൻ കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം. തിരക്കഥ ആർ. രാമാനന്ദ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം ത്രീഡി ഫോർമാറ്റിലാണ് ഒരുങ്ങുന്നത്. ഫാന്റസി – ത്രില്ലർ ഗണത്തിൽ പെടുന്നതായിരിക്കും ചിത്രം. ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രോജക്ട് ആണ് കത്തനാർ. തൃശൂർ പൂരം, സൂഫിയും സുജാതയും, അനശ്വര നടൻ സത്യന്റെ ബയോപിക്, ആട് 3 തുടങ്ങിയ ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.