മോഹന്‍ലാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ‘ട്വല്‍ത്ത് മാന്‍’ എന്ന സിനിമ ഒറ്റ ദിവസത്തെ സംഭവമാണെന്ന് പറയുകയാണ് ജീത്തു ജോസഫ്. 14 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളതെന്നും മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു.
മിസ്റ്ററിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 14 പേരോളം മാത്രമാണ് ചിത്രത്തിലുള്ളത്. ഒറ്റ ദിവസത്തെ സംഭവമാണ് കഥ. കെ.ആര് കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങി അഞ്ചു നായികമാരാണ് ചിത്രത്തിലുള്ളത്.
സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതിനു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ജീത്തുജോസഫ് പറഞ്ഞു. ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടാണ് ലൊക്കേഷന്‍.
കൊച്ചിയും മറ്റൊരു ലൊക്കേഷനാണ്. 25 ദിവസം കൊണ്ടു ചിത്രീകരണം പൂര്‍ത്തിയാകും. 90 ശതമാനവും ഒറ്റ ലൊക്കേഷനായതിനാല്‍ ഷൂട്ടിംഗ് എളുപ്പത്തില്‍ തീരുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.