ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ചിത്രത്തിനായി വണ്ണം കുറച്ച ലാലേട്ടന്റെയും മീനയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇരുവരും വണ്ണം കുറച്ചതെങ്ങനെയെന്ന് രസകരമായി ഉത്തരം നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
ദൃശ്യം എന്ന ചിത്രത്തിന്റെ കഥ നടന്നു ആറു വർഷത്തിന് ശേഷമുള്ള കഥയാണ് ദൃശ്യം 2 ഇൽ പറയുന്നത് എന്നും അതുകൊണ്ട് തന്നെ വലിയ ടെൻഷൻ നിറഞ്ഞ അവസ്ഥയിലൂടെ ഈ ആറു വർഷവും കടന്നു പോയത് കൊണ്ടാവാം ജോർജ്കുട്ടിയും റാണിയും മെലിഞ്ഞത് എന്നും ജീത്തു ജോസഫ് പറയുന്നു. ഏതായാലും ജോർജ്ജുകുട്ടിയും റാണിയും പഴയതിലും ചെറുപ്പമാണ് പുതിയ ലുക്കിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. താടി വെച്ച ഗെറ്റപ്പിൽ കൂടിയാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം പ്രദർശനത്തിന് എത്തിക്കാൻ പാകത്തിനാണ് ദൃശ്യം 2 ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.