ജീവിതത്തിന്റെ ഒരു ദുരവസ്ഥയിൽ മരണത്തിലേക്ക് വഴുതി വീണ താരമാണ് നടൻ സന്തോഷ് ജോഗി. അദ്ദേഹത്തിന്റെ ഭാര്യ ആയ ജിജി ജോഗിയെ മലയാളികൾക്ക് പരിചിതമാണ്. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീട് വിട്ടു ഇറങ്ങിയ ജിജി പ്രതീക്ഷയുടെ പടവിലേക്ക് ഉയർന്നത് എങ്ങനെ എന്ന് എല്ലാവർക്കുമറിയാം. തന്റെ അതിജീവന യാത്രയെക്കുറിച്ച് ജിജി വനിത ഓൺലൈനോട്’ മനസ്സ് തുറക്കുകയാണ്.
ജിജിയുടെ വാക്കുകൾ:
ജോഗി മരിക്കുമ്പോൾ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി.
എന്റെ വീടായിരുന്നു അത്. ഷോർട് ഫിലിമിനു വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്കു മാറി.
പൂജ്യത്തിൽ നിന്നു ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാൻ. സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. രണ്ടു ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍… അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി… തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു. ഞങ്ങൾ ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. വീട് പണി തുടങ്ങി ചുവരുകളും വാതിലുകളും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു.
അക്കാലത്ത് ഞാൻ എന്റെ മക്കളെ കണ്ടിട്ടില്ലെന്നു പറയാം. രാവിലെ അവർ ഉണരും മുമ്പേ ഞാൻ പോകും. രാത്രി അവർ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളർത്തിയത്. ഇടയ്ക്ക് ജോഗിയുടെ വീട്ടിലേക്കും പോകും.
പ്രശ്നങ്ങൾ തീർന്നു തുടങ്ങിയതോടെ 2014ൽ ഞാൻ ഹോം ട്യൂഷൻ നിർത്തി. മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിച്ചത്.