അന്യഭാഷാ നായകന്മാരില് മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. മലയാളികള്‍ക്കിടയില്‍ അല്ലുവിനെ പ്രശസ്തനാക്കിയത് ജിസ് ജോയ് ആണ്. അല്ലുവിന്റെ മലയാളത്തിലെ ശബ്ദം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്.
ഇപ്പോഴിതാ നടന് ജോജുവിനു വേണ്ടി ഡബ് ചെയ്യാന്‍ തന്നെ വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിസ്ജോയ്. സെവന്‍സ് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. ഞാന്‍ ജോജുവിനെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ ജോജു പറഞ്ഞു ഉറപ്പായും പോയി ചെയ്യണം. എന്നെക്കൊണ്ട് ചെയ്യിക്കില്ല അതു കൊണ്ടാണെന്നും പറഞ്ഞു. പക്ഷേ പിന്നീട് അത് സ്ക്രീനില്‍ കണ്ടപ്പോള്‍ മനസ്സിലായി എന്റെ ശബ്ദം ചേരില്ലെന്ന്. ജീവിതത്തില്‍ ഇതു വരെ ചെയ്ത ഡബ്ബ് ചെയ്ത കഥാപാത്രങ്ങളില്‍ ഒട്ടും സംതൃപ്തിയില്ലാത്തതായിരുന്നു അതെന്നും ജിസ് ജോയ് പറഞ്ഞു.
അല്ലുവിനെ ജനപ്രിയനാക്കിയ ആര്യ മുതല്‍ ഇരുപതിലധികം ചിത്രങ്ങളില്‍ ശബ്ദമായത് ജിസ് ആണ്. സീരിയലുകളില്‍ ഡബ് ചെയ്ത് തുടങ്ങി സിനിമയിലെത്തി പരസ്യ സംവിധായകനായി പതിയെ സ്വതന്ത്ര സംവിധായകനായി മാറിയ ജിസ് മലയാളികള്‍ക്ക് സമ്മാനിച്ചത് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന നാലാമത്തെ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ആസിഫ് അലി, സിദ്ധിഖ്, മുകേഷ്, ശ്രീനിവാസന്, കെപിഎസി ലളിത, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. മാര്‍ച്ച് 19-ന് ചിത്രം തീയേറ്ററുകളിലെത്തും.