കേരളത്തിലെ രാഷ്ട്രീയപരമായ പ്രത്യേകതകളെ കുറിച്ചുള്ള ചോദ്യത്തിന് പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ മറുപടി ഇങ്ങനെയാണ്. ‘അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്ക്കുന്നു’. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപി ഇതുവരെ ശക്തി പ്രാപിക്കാത്തത് എന്ന തരത്തിലായിരുന്നു അവതാരികയുടെ ചോദ്യം.
കേരളം എന്തുകൊണ്ടാണ് ഇതുവരെ ‘മോഡിഫൈഡ്’ ആവാത്തത് എന്ന ചോദ്യത്തിന് മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളമെന്നും നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണെന്നും അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോൾ കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും ജോണിന് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണെന്നാണ് അദ്ദേഹം പറയുന്നത്.