മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നാണ് സി ഐ ഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകൻ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഒരു വിവരങ്ങളും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, സി ഐ ഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തിൽ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ജോണി ആന്റണി.
എല്ലാവരും ചോദിക്കുന്ന ഒന്നാണ് സി ഐ ഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു. താൻ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാൻ അവസരം തന്നതും സി ഐ ഡി നിർമിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി. അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കിൽ ഇന്ന് താനെന്ന സംവിധായകൻ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി.
ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള കമ്മിറ്റ്മെന്റ് ഉണ്ട്. സി ഐ ഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടാൽ അതിനുള്ള ജോലികൾ പിറ്റേദിവസം തന്നെ ആരംഭിക്കുമെന്ന് ജോണി ആന്റണി വ്യക്തമാക്കി. ആ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. കാരണം, അതിൽ തിളങ്ങിയ പല താരങ്ങളും ഇന്നില്ലെന്നും ഇന്നത്തെ കാലത്ത് ആ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണെന്നും ജോണി ആന്റണി വ്യക്തമാക്കി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോണി ആന്റണി ഇതിനെക്കുറിച്ച് മനസ് തുറന്നത്.