1992 ൽ ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജോണിവാക്കർ. മമ്മൂട്ടിയുടെ സഹായിയായി ചിത്രത്തിൽ എത്തിയ കുട്ടപ്പായി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര വേഗം മറക്കില്ല. രണ്ട് ദിവസം മുന്‍പ് മലയാള സിനിമാ പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസില്‍ ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോഴെവിടെയാണെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.
ആ കഥാപാത്രം ചെയ്ത വ്യക്തിയുടെ യഥാർത്ഥപേര് എന്താണെന്നും അദ്ദേഹത്തിന്റെ സ്വദേശം എവിടെയാണെന്നും നിരവധി ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ അവസാനം അദ്ദേഹത്തെ കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകർ. കുട്ടപ്പായി ആയി വേഷമിട്ടത് നീലകണ്ഠന് എന്ന ബാലതാരമാണ്. തമിഴ്നാട് സ്വദേശിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് താരം. ജോണിയുടെ മരണശേഷം ജോണി ഇവിടെ ജീവിക്കുന്നു ബോര്‍ഡ് എസ്റ്റേറ്റിന് പുറത്ത് തൂക്കിക്കൊണ്ട് നിറകണ്ണുകളോടെ നില്ക്കുന്ന കുട്ടപ്പായിയില്‍ ആണ് ജോണി വാക്കര്‍ അവസാനിക്കുന്നത് തന്നെ.
കുട്ടപ്പായി എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി ജോണിവാക്കർ 2 സംവിധാനം ചെയ്യുമെന്ന് ജയരാജ് പറഞ്ഞിരുന്നു. ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.