വെള്ളിമൂങ്ങ എന്ന ബിജു മേനോൻ നായകനായ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത
ജോജി തോമസ് എഴുതിയ ചിരിയിൽ പൊതിഞ്ഞ തിരക്കഥ തന്നെയാണ്.സംവിധായകനും തിരക്കഥാകൃത്തും പുതുമുഖങ്ങളായിട്ടും വെള്ളിമൂങ്ങയെ ഹിറ്റ്ചാർട്ടിലെത്തിച്ചതു ജോജി തോമസിന്റെ എഴുത്തുഭംഗി കൊണ്ടാണ്. വെള്ളിമൂങ്ങയുടെ സംവിധായകൻ മറ്റൊരു ചിത്രവുമായി സജീവമായെങ്കിലും ജോജി മാത്രം രണ്ടാം ചിത്രവുമായി രംഗത്തെത്തിയില്ല. ഹിറ്റ് സിനിമയുടെ എഴുത്തുകാരനായിട്ടും ഇത്രനാൾ മറ്റൊരു ചിത്രത്തിലേക്കിടം കിട്ടാത്തതോ അതോ എഴുതാത്തതോ?
ജോജി തോമസ് മറുപടി പറയുന്നു.
ശരിയാണ്. വെള്ളിമൂങ്ങയുടെ വിജയം ഒരുപാട് അവസരങ്ങളുടെ വാതിലുകൾ തുറന്നു തന്നിരുന്നു. ഒരു സിനിമ അഭ്രപാളിയിലെത്തുന്നതിനു കഥയും തിരക്കഥയും സംവിധായകനും മാത്രം പോരാ. സിനിമയുടെ സമസ്ത മേഖലയിലുമുള്ള സാങ്കേതിക പ്രവർത്തകരുടെ ഏകോപനം കൂടി ഒത്തുവരണം. അടുത്ത ചിത്രം മികച്ച ഒരു ടീമിനൊപ്പം ആവണമെന്നുണ്ടായിരുന്നു. അതൊത്തു വരാൻ സമയമെടുത്തു. അടുത്ത ചിത്രം ജൂൺ ആദ്യവാരം ചിത്രീകരണം തുടങ്ങും.
പാവാട എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി യെസ് അപ്പാ’ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എന്റേതാണ്. രസിപ്പിക്കുന്ന ഒരു ചിത്രമാവും ഇത്. കോട്ടയത്തും പരിസരത്തുമാണു ചിത്രീകരണം. കുഞ്ചാക്കോ ബോബനാണു നായകൻ. സംവിധായകൻ വൈശാഖുമായി ചേർന്നുള്ള ചിത്രമാവും അടുത്തത്. അതിന്റെ ചർച്ചയും ആലോചനയും നടക്കുന്നു. വൈശാഖും ഞാനും ഒരേ പ്രദേശത്തുള്ളവരാണ്. ഞങ്ങൾ ഒന്നിക്കുന്നതിലെ പ്രാദേശിക രുചിച്ചേർച്ച ഈ ചിത്രത്തിൽ ആസ്വദിക്കാനാവുമെന്നാണു വിശ്വാസം.