അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ തിളങ്ങി കീർത്തി സുരേഷ്. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാര ജോതാക്കൾക്ക് അവാർഡ് സമ്മാനിച്ചു. ‘മഹാനടി’ എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കിയത്. അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും സഹോദരി രേവതി സുരേഷും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻമാരായ ജോജു ജോർജ്, അക്ഷയ് കുമാർ, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. അതേസമയം, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍ എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന് സക്കരിയയും തിരക്കഥാകൃത്ത് മുഹ്സിന് പരാരിയും നിര്‍മാതാക്കളും നടി സാവിത്രി ശ്രീധരനും വിട്ടുനിന്നിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും വിതരണം ചെയ്തിരുന്നു. ഫിലിം ഫെയര്‍ മികച്ച നടനായി ജോജു ജോർജ്ജാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജയസൂര്യ (ക്യാപ്റ്റന്‍), ടൊവിനോ തോമസ് (തീവണ്ടി), സൗബിന്, ചെമ്പന്‍ വിനോദ് (ഈമയൗ), പൃഥ്വിരാജ് (കൂടെ) എന്നിവര്‍ തമ്മിൽ നടന്ന മത്സരത്തിൽ എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിന് ജോജു അവാർഡ് സ്വന്തമാക്കി.