കേരളപ്പിറവി ദിനത്തിൽ മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിന്നത് ചലച്ചിത്രതാരം ജോജു ജോർജ് ആയിരുന്നു. സിനിമാസംബന്ധമായ ഒരു വാർത്തയുമല്ല അദ്ദേഹം ഇന്ന് മാധ്യമങ്ങളിൽ നിറയാൻ കാരണമായത്. പൊതുജനത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് ഒരു പ്രതികരണം നടത്തിയെന്നതാണ്. കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെ തുടർന്ന് വൻ ഗതാഗതകുരുക്ക് ആയിരുന്നു ഇടപ്പള്ളി – വൈറ്റില ദേശീയപാതയിൽ ഉണ്ടായത്. ഇതിനെ തുടർന്നാണ് കാറിൽ നിന്നിറങ്ങി ജോജു ജോർജ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ, ഗതാഗതകുരുക്കിന് എതിരെ പ്രതിഷേധിച്ച നടനെതിരെ വളരെ രൂക്ഷമായ രീതിയിലാണ് കോൺഗ്രസ് പ്രതികരിച്ചത്. സമരത്തിനെതിരെ പ്രതിഷേധിച്ച ജോജു ജോർജിന്റെ കാറിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. കൂടാതെ, ജോജു മദ്യപിച്ചിരുന്നെന്നും വനിതാപ്രവർത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഡിസിസി പൊലീസിൽ പരാതി നൽകി. എന്നാൽ, വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ സംഭവങ്ങളിൽ നിന്നുള്ള ഒരു ക്ലിപ്പാണ്. സമരത്തെ ചൂണ്ടിക്കാണിച്ച് അലമ്പ് പരിപാടിയാണ് ഇതൊക്കെ എന്ന് ജോജു പറയുമ്പോൾ എന്ത് അലമ്പ് നിനക്ക് കാശുണ്ടെടാ..എന്ന് ഒരാൾ ആക്രോശിക്കുകയായിരുന്നു. എന്നാൽ, ഇത് കേട്ട് പിന്തിരിഞ്ഞു പോകാൻ ജോജു തയ്യാറായില്ല. അതേടാ, കാശുണ്ടെടാ,, എന്താ ഞാൻ പണിയടുത്താടാ ഉണ്ടാക്കിയേ എന്ന് മറുപടി കൊടുക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
ഇന്ധനവിലവർദ്ധനവിന് എതിരെ ദേശീപാത തടഞ്ഞുള്ള കോൺഗ്രസിന്റെ പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള വഴിയാത്രക്കാർ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. മണിക്കൂറുകളോളം വഴിയിൽ കിടക്കേണ്ടി വന്നവരിൽ പരീക്ഷയെഴുതാനുള്ളവരും ആശുപത്രിയിൽ എത്താനുള്ളവരും ഉണ്ടായിരുന്നു. കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനെ തുടർന്ന് വൻ ഗതാഗതകുരുക്ക് ആയിരുന്നു ഇടപ്പള്ളി – വൈറ്റില ദേശീയപാതയിൽ ഉണ്ടായത്. പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ആയിരുന്നു കോൺഗ്രസിന്റെ സമരം. സമരത്തെ തുടർന്ന് നിരവധി വാഹനങ്ങളാണ് ഗതാഗത കുരുക്കിൽപ്പെട്ടത്. എന്നാൽ, ചടങ്ങിന് എത്തിയ നേതാക്കൾ ഇതെല്ലാം കണ്ടെങ്കിലും ഗതാഗതകുരുക്ക് മാറ്റാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ പ്രസംഗം തുടരുകയായിരുന്നു. ഇതിനെ തുടർന്നാണ് യാത്രാക്കാരായ ആളുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഷേധവുമായി പുറത്തേക്ക് ഇറങ്ങിയത്. ആ സമയത്താണ് നടൻ ജോജുവും വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയത്. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് സമരം പെട്ടെന്ന് പിൻവലിക്കുകയായിരുന്നു.
മദ്യപിച്ച് എത്തിയെ ജോജു വനിത പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും അതിനാൽ ജോജു ജോർജിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ജോജുവിന്റെ വാഹനം കുറേ നേരം തടഞ്ഞിടുകയും വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ജോജുവിനെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറ്റി പൊലീസ് വാഹനം ഡ്രൈവ് ചെയ്യുകയായിരുന്നു. സി ഐ അനനന്തനാഥ് ആണ് ജോജുവിന്റെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വാഹനമോടിച്ച് മുന്നോട്ടു പോയത്. ജോജുവിന്റെ വാഹനത്തിന്റെ പിന്നിലത്തെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു.