ശിക്കാർ, വാസ്തവം, വർഗം തുടങ്ങിയ ത്രില്ലെർ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം പത്മകുമാറിന്റെ മാജിക് ക്രീയേറ്റിവിറ്റി വീണ്ടും പ്രേക്ഷകരിലേക്കെത്തുന്ന ജോസഫ് ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്. ജോജു ജോർജ് ആദ്യമായി മുഴുനീള നായകവേഷത്തിൽ എത്തുന്ന ഈ സസ്പെൻസ് ത്രില്ലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ അന്ന് മുതൽ തന്നെ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടിയെടുത്തിരുന്നു. ജോസഫ് എന്ന വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ജോജു അവതരിപ്പിക്കുന്നത്. റിട്ടയർ ആയ നാല് പോലീസ് ഉദ്യോഗസ്ഥരും അതിൽ ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെ ബാധിക്കുന്ന പ്രശ്നങ്ങളും അതിന്റെ യാഥാർഥ്യങ്ങൾ അനേഷിച്ചുള്ളൊരു കുറ്റാനേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തെയും തന്റെ കഥാപാത്രത്തേയും കുറിച്ച് ജോജു ജോർജ് സംസാരിക്കുന്നു.
“അത്രമാത്രം ഡീറ്റൈലിങ്ങ് ഉള്ള കഥാപാത്രം. ഓടിപ്പോയി അഭിനയിക്കുവാൻ പറ്റുന്ന തരത്തിൽ ഉള്ള വേഷമായിരുന്നില്ല. കൃത്യമായ തയ്യാറെടുപ്പുകളോടെ ചെയ്ത പടമാണ് ജോസഫ്. ഞാൻ ചെയ്തത് എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, ഉഗ്രൻ കഥാപാത്രമാണിത്. മലയാളത്തിൽ വളരെ ഫ്രഷായ ഒരു സിനിമയായിരിക്കും ഇത്. ഇതിൽ വർക്ക് ചെയ്യാനായത് ഭാഗ്യമായി കാണുന്നു. അത്രയും നല്ല കഥാപാത്രം, അത്രയും നല്ല ക്രൂവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം, അത്രയും നല്ല സ്ക്രിപ്റ്റ്… ഇതൊക്കെ ഏതൊരു നടന്റെയും സ്വപ്നമായിരിക്കും. ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയാണ്.”
ഷാഹി കബീർ എന്ന പൊലീസുകാരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് ഉണ്ടായിരിക്കേണ്ട ഒറിജിനാലിറ്റി ജോസഫിന് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, ടിറ്റോ വിൽസൺ, നെടുമുടി വേണു, സംവിധായകൻ ജോണി ആന്റണി, ആത്മീയ, മാധുരി, മാളവിക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് മനീഷ് മാധവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രഞ്ജിൻ രാജാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.