കേരള സംസ്ഥാന സർക്കാരിന്റെ 2018ലെ ഏറ്റവും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ച ജോജു ജോർജ് തന്നെ അതിനർഹനാക്കിയ ജോസഫ് എന്ന ചിത്രവും ആ പേര് കൊണ്ട് വരുന്ന ഭാഗ്യത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. കൈയിലുള്ള പണമെല്ലാം ചെലവഴിച്ച് ജോസഫ് എന്ന ചിത്രം നിര്‍മ്മിച്ചപ്പോള്‍ ഒന്നും തിരിഞ്ഞു ചിന്തിച്ചില്ലെന്നും എന്നാല്‍ ചിത്രം പരാജയമായിരുന്നെങ്കില്‍ തനിക്ക് എല്ലാം നഷ്ടമാകുമായിരുന്നുവെന്ന് ജോജു പറഞ്ഞു.
ജോസഫ് അഭിനയിക്കുന്ന കാലമായിരുന്നു അത്. സിനിമയുടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകുമായിരുന്നു. ആരും ഏറ്റെടുക്കാനില്ലാതായതോടെ ഞാന്‍ ഏറ്റെടുത്തു. എല്ലാം പണയം വെച്ചാണ് അതു റിലീസ് ചെയ്തത്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാം നഷ്ടപ്പെടുമായിരുന്നു
ജോജു ജോർജിന്റെ മാമ്മോദീസ പേര് ജോസഫ് എന്നാണ്. ഇന്നും ഒപ്പിടുന്നതു മലയാളത്തില്‍ ജോസഫ് എന്നെഴുതിയാണ്. രേഖകളിലെല്ലാം പിന്നീടു ജോജു ജോര്‍ജായി.വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം തന്നെ ജോജുവിനു ഭാഗ്യവുമായെത്തിയത് മറ്റൊരു ചരിത്രം.