അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ.അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. കീര്‍ത്തി സുരേഷാണ് മികച്ച നടി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ നേടി.
ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.അവാർഡ് നേട്ടത്തിൽ മനസ്സ് തുറക്കുകയാണ് ജോജു ജോർജ് ഇപ്പോൾ.
“അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.”
“നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,” ജോജു പറഞ്ഞു