മോഹൻലാലിന് ശേഷം സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ പറയുന്ന അതിതീവ്ര പ്രണയകഥയിൽ ഷെയിൻ നിഗം ആണ് നായകൻ. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് സിറ്റി കൗമുദിയോട് പറഞ്ഞു. പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെ നിർമ്മാണ കമ്പനിയായ പ്ലാൻ ജെ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
തീയേറ്ററുകളിൽ വിജയതരംഗം തീർത്ത് മുന്നേറുന്ന തണ്ണീർമത്തൻ ദിനങ്ങളുടെ സഹ നിർമ്മാതാവും ഇദ്ദേഹമാണ്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസത്തിലാണ് ഷെയിൻ നിഗം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖമായ പവിത്രാ ലക്ഷ്മി ആണ് ചിത്രത്തിൽ നായിക.