ഒരു മിമിക്രി ആർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് അവതാരകനായും അഭിനേതാവായും തീർന്ന് ഇന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ താരമാണ് ജയസൂര്യ. പത്രം എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രമാണ് താരത്തിന് ബ്രേക്ക് കൊടുത്തത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജയസൂര്യ ഏറെ സന്തോഷമുള്ള വാർത്ത ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ്.
സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ ചിത്രത്തിൽ നായകനാകുന്നു എന്ന സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. നിഷാദ് കോയയാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷയാണ് പ്രോജക്റ്റ് ഡിസൈൻ. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
വെള്ളമാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ജയസൂര്യ ചിത്രം. ഈശോ, മേരി ആവാസ് സുനോ, സണ്ണി, ആട് 3, കത്തനാർ, രാമസേതു, ജോൺ ലൂഥർ തുടങ്ങിയവയാണ് ജയസൂര്യയുടെ മറ്റ് പുതിയ ചിത്രങ്ങൾ. ജയൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ പല തലമുറകളിൽപ്പെട്ടവരെ നായകരാക്കി വൻ വിജയങ്ങൾ കൊയ്തിട്ടുള്ള സംവിധായകൻ ജോഷിയുടെ അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ ഒന്നിച്ച പൊറിഞ്ചു മറിയം ജോസാണ്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന പാപ്പനാണ് ഇപ്പോൾ അദ്ദേഹം സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
View this post on Instagram