അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു. 2013-ൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാ. എബ്രഹാം ഒറ്റപ്ലാക്കൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. 1986-ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊണ്ടത് 2013-ലെ ഷട്ടർ എന്ന ചിത്രത്തിൻ്റെ സംവിധാനത്തിലൂടെയാണ്.
സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രചനയിൽ കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയിട്ടുണ്ട്. സംവിധായകൻ സിബി മലയിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അങ്കിൾ, ഷട്ടർ, സാമൂഹികപാഠം തുടങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോയ് മാത്യു അങ്കിളിന്റെ നിർമ്മാണവും നിർവഹിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുവാൻ ഒരിക്കലും മടി കാണിക്കാത്ത അദ്ദേഹം എല്ലാ വിഷയങ്ങളിലും പ്രതികരിക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം കുറിച്ചിട്ട വാക്കുകളാണ് പ്രേക്ഷകരെ ഇരുത്തിച്ചിന്തിപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നാടകീയമായ പുതിയ വഴിത്തിരിവുകളാണ് ഇപ്പോൾ സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. താൻ കടന്നുപോയ ദുസ്സഹമായ വഴികളെയും ജീവിതത്തെയും കുറിച്ച് ആക്രമിക്കപ്പെട്ട നടി കുറിച്ച വാക്കുകൾക്ക് പിന്തുണയേകി മലയാള സിനിമ ലോകം ഒന്നാകെ മുന്നോട്ട് വന്നിരുന്നു. ഇരയോടൊപ്പം എന്ന ഹാഷ്ടാഗ് വീണ്ടും വൈറലാവുകയും ചെയ്തു. അതിനിടയിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. “ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല !” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. താങ്കൾ ആദ്യം തുടങ്ങൂ എന്നാണ് അതിന് കമന്റുകൾ ലഭിച്ചത്.അതിന്ന് ഇപ്പോൾ മറുപടിയുമായി ജോയ് മാത്യു എത്തിയിരിക്കുകയാണ്.
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .