നാല്പത്തിയൊമ്പതാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളെയും അഭിനേതാക്കളെയും തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ല എന്നത് തന്നെയാണ് സത്യം. കുമാര്‍ ഷഹാനി ചെയര്‍മാനായ ജൂറിയില്‍ കെ ജി ജയന്, പി ജെ ഇഗ്നേഷ്യസ്, ഷെറി ഗോവിന്ദന്, വിജയകൃഷ്ണന്, ബിജു വി സുകുമാരന്‍, മോഹന്‍ദാസ് വി പി, ജോര്‍ജ് കിത്തു, നവ്യ നായര്‍ എന്നിവര്‍ അംഗങ്ങളും മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. ഒട്ടേറെ എന്‍ട്രികളില്‍ നിന്ന് മികച്ച അഭിനയമികവിനുള്ള പുരസ്കാരങ്ങള്‍ എങ്ങനെ ഈ നടീനടന്മാരിലേക്ക് എത്തി? ജൂറി റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇങ്ങനെ..
മികച്ച നടന്- ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി)/ 50,000 രൂപയും പ്രശസ്തിപത്രവും
അര്‍പ്പണബോധവും അവിശ്രാന്ത യത്നവും സമ്മേളിക്കുന്ന അഭിനയ ചാരുത. വളരെ വ്യത്യസ്തമായ രണ്ട് റോളുകളില്‍ സ്വാഭാവിക അഭിനയം കാഴ്ചവച്ചിരിക്കുന്നു. പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനെയും ഒരു ട്രാന്‍സ്ജെന്‍ഡറിനെയും തികച്ചും വ്യത്യസ്തമായി ശരീരഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയപാടവം.
മികച്ച നടന്- സൗബിന് ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ)/ 50,000 രൂപയും പ്രശസ്തിപത്രവും
സ്വാഭാവികതയുടെ നൈസര്‍ഗ്ഗിക സൗന്ദര്യമാണ് സൗബിന് ഷാഹിറിന്റെ അഭിനയ സവിശേഷത. ഫുട്ബോളില്‍ ജീവിതം ദര്‍ശിക്കുന്ന ഒരു സാധാരണക്കാരന് അപ്രതീക്ഷിതമായി ചെന്നുപെടുന്ന പ്രതിസന്ധികള്‍ തികച്ചും അനായാസമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവിന്.
മികച്ച നടി- നിമിഷ സജയന് (ഒരു കുപ്രസിദ്ധ പയ്യന്, ചോല) ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും
പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും ധ്രുവാന്തരം പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമര്‍ഥമായി അവതരിപ്പിച്ചതിന്. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിയായും തുടക്കക്കാരിയുടെ പതര്‍ച്ചകളുള്ള ഒരു അഭിഭാഷകയായുമുള്ള വേറിട്ട ഭാവപ്പകര്‍ച്ചകള്‍ നിമിഷയെ ഈ പുരസ്കാരത്തിന് അര്‍ഹയാക്കുന്നു.
മികച്ച സ്വഭാവ നടന്- ജോജു ജോര്‍ജ് (ചോല, ജോസഫ്)/ 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും
പരുക്കനും മനുഷ്യത്വഹീനനുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ സ്വത്വം എന്താണെന്ന് വെളിപ്പെടുത്തുന്ന ജോസഫിലെ കഥാപാത്രവും സംരക്ഷകവേഷം ചമഞ്ഞ് ഇരയെ കീഴ്പ്പെടുത്തുന്ന ചോലയിലെ പുരുഷനും ജോജുവിനെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കുന്നു.
മികച്ച സ്വഭാവ നടി- സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ)/ 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം
സുദീര്‍ഘമായ അഭിനയ പാരമ്പര്യമുണ്ടെങ്കിലും വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിക്കുന്ന രണ്ട് അഭിനേത്രിമാരുടെ അയത്നലളിതമായ പ്രകടനം. സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ നാട്ടിന്‍പുറത്തെ ഉമ്മമാരുടെ ജീവിതത്തനിമയാര്‍ന്ന ഭാവാവിഷ്കാരത്തിന്.
മികച്ച ബാലതാരം (ആണ്)- മാസ്റ്റര്‍ റിഥുന് (അപ്പുവിന്റെ സത്യാന്വേഷണം)/ 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും
നിഷ്കളങ്കമായ മുഖത്ത് വിടരുന്ന വിവിധ ഭാവങ്ങളുടെ കൗതുകമാണ് മാസ്റ്റര്‍ റിഥുന് പകരുന്നത്. സത്യാന്വേഷണത്തിന്റെ പാതയിലൂടെയുള്ള അപ്പുവിന്റെ യാത്രയെ യാഥാര്‍ഥ്യബോധത്തോടെ പകര്‍ത്തിയിരിക്കുന്നു.
മികച്ച ബാലതാരം (പെണ്)- അബനി ആദി (പന്ത്)/ 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും
പന്തുകളിയില്‍ തല്പരയായ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതം ഹൃദയഹാരിയായി അവതരിപ്പിച്ച അഭിനയമികവിന്.