പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്കും ഭർത്താവ് വിജയശങ്കറിനും ഒരു മകൾ ഉണ്ടായത്. എന്നാൽ ആ സന്തോഷങ്ങൾക്ക് അധികം ആയുസ്സ് നൽകാതെ നന്ദന എന്ന ആ പൊന്നോമന 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണു മരിച്ചു. ഇന്ന് ആ പൊന്നോമനയുടെ ജന്മദിനത്തിൽ സ്വർഗത്തിൽ ഇരിക്കുന്ന ആ മാലാഖക്ക് ജന്മദിനാശംസ നേർന്നിരിക്കുകയാണ് അമ്മ. ഫേസ്ബുക്കിൽ നന്ദനയുടെ ചിത്രം പങ്ക് വെച്ചാണ് ചിത്ര കുറിപ്പ് എഴുതിയത്.
“ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.”
കെ.എസ്. ചിത്ര ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര. എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. ദക്ഷിണേന്ത്യയിൽ നൈറ്റിംഗേൽ, ഉത്തരേന്ത്യയിൽ പിയ ബസന്തി, കേരളത്തിലെ വാനമ്പാടി, തമിഴ്നാട്ടിൽ ചിന്ന കുയിൽ, കർണ്ണാടകയിൽ കന്നഡ കോഗിലേ, ആന്ധ്രാപ്രദേശ്, തെലങ്കാനയിൽ സംഗീത സരസ്വതി എന്നീ വിശേഷണങ്ങളാണ് ചിത്രക്കുള്ളത്.