‘കചാ ബദാം’ പാട്ടിന്റെ സൃഷ്ടാവ് ഭൂപന്‍ ഭട്യാകര്‍ തെരുവ് കച്ചവടം അവസാനിപ്പിക്കുന്നു. ഭൂപന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാട്ട് വൈറലായതോടെ ലഭിക്കുന്ന വരുമാനംകൊണ്ട് പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ ദാരിദ്ര്യം മാറിയെന്നും ഇതിനാല്‍ തെരുവ് കച്ചവടം നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ കരാള്ജൂറാണ് ഭൂപന്റെ സ്വദേശം. നിലക്കടല കച്ചവടത്തിനിടെ ഭൂപന്‍ പാടിയ പാട്ട് ആരോ ഷൂട്ട് ചെയ്ത് യൂട്യൂബിലിടുകയായിരുന്നു. ഇത് റീമിക്സായും റീലായും കത്തിക്കയറി. പാട്ട് വൈറലായപ്പോഴും ദാരിദ്ര്യത്തിലായിരുന്നു ഭൂപന്‍. മറ്റുള്ളവര്‍ തന്റെ പാട്ട് ഉപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും തന്റെ കൈകള്‍ ശൂന്യമെന്ന് പറഞ്ഞ് ഭൂപന്‍ രംഗത്തെത്തി.
ഇതോടെ രണ്ട് ബംഗാളി പാട്ടുകാര്‍ ഭൂപനെ ഉള്‍പ്പെടുത്തി വിഡിയോ പുറത്തിറക്കി. ഏഴ് കോടിയിലധികം പേരാണ് ഇത് കണ്ടത്. ഇതിന് പിന്നാലെ ഒരു സംഗീത കമ്പനി ഭൂപനുമായി ഒരു ലക്ഷത്തിന്റെ കരാറിലെത്തി. വിവിധയിടങ്ങളില്‍ പാട്ട് പാടാനെത്തുന്നുണ്ട് ഭൂപന്‍.