ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും കൊറോണ വൈറസിനെ തുടർന്ന് ചിത്രീകരണം വൈകിയേക്കും. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇപ്പോൾ ചിത്രം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. തന്റെ അനുമതി ഇല്ലാതെ ചിത്രം പുറത്തിറങ്ങാൻ അനുവദിക്കില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കുരുവിനാക്കുന്നേൽ കുറുവച്ചന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. പാലായിൽ താമസമാക്കിയ അദ്ദേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നതും. ഇതോടെ ചിത്രത്തിന്റെ മറ്റ് കാര്യങ്ങൾ അനിശ്ചിതത്ത്വത്തിൽ ആയി.
നേരത്തെ ഇതേ കഥയെ മുൻനിർത്തി സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ കഥ മോഷ്ടിച്ചാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന് ആരോപിച്ച് കടുവയുടെ അണിയറ പ്രവർത്തകർ കോടതിയിൽ കേസ് കൊടുക്കുകയും കോടതി സിനിമയുടെ മറ്റ് നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.