പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ചില നിയമപ്രശ്നങ്ങൾക്ക് പിന്നാലെയായിരുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടിങ് ഉടൻ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കി പൃഥ്വിരാജ് അദ്ദേഹത്തിന്റെ പേജിലൂടെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസ് ഇത്തവണ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ് ഒരുക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിനു ഏബ്രഹാം തിരക്കഥയും രവി കെ ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമൻ എസാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഒരു പോലീസ് വാഹനവും ഇടി കൊണ്ട് പതം വന്ന് കിടക്കുന്ന പോലീസുകാരും കൈയ്യിൽ ചുരുട്ടുമായി മാസ്സ് ലുക്കിൽ ഇരിക്കുന്ന പൃഥ്വിയും കൂടി ചേരുമ്പോൾ ഒരു പക്കാ മാസ്സ് ചിത്രം തന്നെയായിരിക്കും ഇതെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.