മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് കടന്ന് വന്ന കലാഭവൻ ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബ്രദേഴ്സ് ഡേ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിൽ തന്റെ പ്രണയവും കുടുംബവിശേഷങ്ങളും വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം.
പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാർക്ക് ഇഷ്ടമാണേൽ അവൾക്ക് കുഴപ്പമില്ലെന്ന്.’
അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആ ത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ.