പ്രേക്ഷകരെ ചിരിപ്പിക്കുകയും വില്ലൻ റോളുകളിലൂടെ ഞെട്ടിക്കുകയും ചെയ്ത കലാഭവൻ ഷാജോൺ ഇനി പുതിയ റോളിലേക്ക്. സംവിധാനരംഗത്തേക്കാണ് നല്ലൊരു ഗായകൻ കൂടിയായ കലാഭവൻ ഷാജോണിന്റെ പുതിയ രംഗപ്രവേശം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന് ബ്രദേഴ്സ് ഡേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തന്റെ പിറന്നാള്‍ ദിനത്തില്‍ നടന് പൃഥ്വിരാജാണ് ചിത്രത്തിന്റെ കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
“കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജോണ്‍ ചേട്ടന് (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ എഴുതിയ ഒരു സ്ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി.” പൃഥ്വിരാജ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പക്കാ എന്റർടൈനറായ ചിത്രം രസികന്മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണ്. കോമഡിയും ആക്ഷനും റൊമാന്സും എല്ലാം ചിത്രത്തിലുണ്ടെന്നും പ്യഥ്വി തന്റെ പോസ്റ്റില്‍ പറയുന്നു.