ജൂലൈ ആദ്യം വരെ കാളിദാസ് ജയറാം കൃഷിമേഖലയിൽ ഒരു പരിശ്രമവും നടത്തിയിരുന്നില്ല. എന്നാൽ ഈ കൊറോണകാലത്ത് അച്ഛൻ ജയറാമിനെ പോലെ തന്നെ കൃഷിയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിരിക്കുകയാണ് കാളിദാസ്. ചെന്നൈയിലെ വീടിന്റെ സാധ്യമാകുന്ന സ്ഥലത്തെല്ലാം കൃഷി ചെയ്ത് ചെറിയൊരു പച്ചക്കറി തോട്ടം തന്നെ കാളിദാസ് സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.
അപ്പയാണ് ഇങ്ങനെയൊരു ആശയം എനിക്ക് പറഞ്ഞു തന്നത്. മത്തങ്ങ, പാവക്ക, തക്കാളി, പച്ചമുളക്, ഉള്ളി, പല തരം പയറുകൾ ഒക്കെ ഞാൻ നട്ടിട്ടുണ്ട്. ചെടികൾ വളർന്ന് തുടങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ധാരാളം ഒഴിവുസമയം ഉള്ളതിനാൽ ക്രിയാത്മകമായി ചെയ്യാവുന്ന ഒരു പ്രവർത്തി തന്നെയാണിത്. ലോക്ക് ഡൗൺ സമയത്ത് ഞാൻ സിനിമ കാണുകയും ഒന്നോ രണ്ടോ മണിക്കൂർ വർക്ക് ഔട്ട് ചെയ്യുകയും മാത്രമാണ് ചെയ്തിരുന്നത്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് മടുത്തു. ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.
പച്ചക്കറി കൃഷി ജീവിതത്തിലും പല പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇത് എന്നെ കൃഷി ചെയ്യാൻ മാത്രമല്ല, ജീവിതത്തിൽ ക്ഷമയുള്ളവനായിരിക്കാനും അച്ചടക്കമുള്ളവനായിരിക്കുവാനും പഠിപ്പിച്ചു. മഴ പെയ്ത് ചെടികളെല്ലാം വെള്ളത്തിൽ മുങ്ങിയപ്പോൾ ഞാൻ ആകെ നിരാശനായിരുന്നു. എല്ലാം അവസാനിച്ചു എന്ന് വിചാരിച്ച എന്നെ അത്ഭുതപ്പെടുത്തി എല്ലാം കൂടുതൽ ശക്തിയോടെ വളരുവാൻ തുടങ്ങി. മഴ ചെടികളെ ശക്തമാക്കുമെന്ന് അപ്പയാണ് പറഞ്ഞു തന്നത്.
ലോക്ക് ഡൗണിന്റെ തുടക്കസമയത്ത് എനിക്ക് പാചകം ചെയ്യുവാൻ വളരെ ആവേശമായിരുന്നു. എനിക്ക് ജീവിതത്തിൽ വേണ്ട എല്ലാത്തരം ഭക്ഷണങ്ങളും ഞാൻ പാചകം ചെയ്തു. പക്ഷേ അതിന് ശേഷം ക്ലീനിംഗ് നടത്തി ഞാൻ തളർന്നു. ഇപ്പോൾ എന്റെ ലക്ഷ്യം ഈ വർഷത്തെ ഓണത്തിന് എന്റെ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികൾ വെച്ച് ഓണസദ്യ ഒരുക്കണമെന്നാണ്.