21 വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലെ തന്റെ ആദ്യ അമ്മയെ കണ്ടെത്തി കാളിദാസ് ജയറാം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്. ചിത്രത്തില്‍ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും അമ്മയും മകനും കണ്ടു മുട്ടിയിരിക്കുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.
‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാര്‍ത്ഥനകളും ആശംസകളും’.-കാളിദാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചു.
വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. വിന്‍സെന്റ് വടക്കനാണ് നവരസ ഫിലിംസ് നിര്‍മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.