ചാർളി എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ നമ്മൾ കണ്ട ഒരു പ്രധാന കഥാപാത്രമായിരുന്നു സൗബിൻ ഷാഹിർ അവതരിപ്പിച്ച കള്ളൻ ഡിസൂസ. ആ കഥാപാത്രത്തെ നായകനാക്കി ഒരുക്കിയ മറ്റൊരു കഥയാണ് കള്ളൻ ഡിസൂസ എന്ന ഈ പുതിയ ചിത്രം പറയുന്നത്. നിഷ്കളങ്കനായ ആ കള്ളനില്‍ നിന്ന് ഉടലെടുത്ത ഒരു ചിത്രം എന്നത് മാറ്റി നിർത്തിയാൽ മറ്റൊരു പുതുമയും ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. സജീർ ബാബയുടെ തിരക്കഥയില്‍ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ഈ ചിത്രം മുകളിൽ പറഞ്ഞ ആ ഒരൊറ്റ പ്രത്യേകതയുടെ പേരിലാണ് കുറച്ചെങ്കിലും പ്രേക്ഷകരെ ആകർഷിച്ചത്. എന്നാൽ വലിയ പ്രതീക്ഷകൾ ഇല്ലാതെ കണ്ടാലും പ്രേക്ഷകർക്ക് ഒന്നും തന്നെ നൽകാത്ത ഒരു സിനിമാനുഭവമായി കള്ളൻ ഡിസൂസ എന്നതാണ് സത്യം.
കഥാപാത്രത്തിന്റെ ഭൂതകാലമോ, ഡിസൂസ എങ്ങനെ കള്ളനായി എന്നതോ പറയാതെ, ഒരു കള്ളനും പോലീസും തമ്മിലുള്ള ഒളിച്ചു കളി പോലെയാണ് ഈ ചിത്രം കഥ പറയുന്നത്. കള്ളൻ ഡിസൂസയായി സൗബിൻ എത്തുമ്പോൾ സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവരും ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി ഐ മനോജ് എന്ന കഥാപാത്രമായി ആണ് ദിലീഷ് പോത്തൻ എത്തുന്നത് എങ്കിൽ ആശ എന്ന കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. ഒരു കുഴൽ പണം ഇടപാട് പിടിക്കുന്ന, ദുഷ്ടനും പരുക്കനുമായ മനോജ് എന്ന കഥാപാത്രം , തന്റെ സഹപ്രവർത്തകർക്കൊപ്പം ചേർന്ന് പിടിച്ച പണത്തിന്റെ ഏറിയ പങ്കും ഒളിപ്പിച്ചു വെക്കുന്നു. ഈ കളികൾക്കിടയിൽ അറിയാതെ ചെന്ന് പെട്ട് പോകുന്ന ഡിസൂസയെ മനോജും സംഘവും പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡിസൂസ ഒരു വീട്ടിൽ കയറി ഒളിക്കാൻ ശ്രമിക്കുന്നു. ആ വീട്ടിലെ സ്ത്രീ ഡിസൂസയെ രക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീയെ ഡിസൂസ വീണ്ടും കാണുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുന്നു. പിന്നീടാണ് ആ വീട്ടമ്മ മനോജിന്റെ ഭാര്യ ആശ ആണെന്ന് ഡിസൂസ മനസിലാക്കുന്നത്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം കാണിച്ചു തരുന്നത്.
പോലീസുകാരന്റെ ഭാര്യയെ സ്നേഹിക്കുന്ന കള്ളൻ എന്നൊരു പ്രത്യേക ഘടകത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല എന്ന് പറയേണ്ടി വരും. കാര്യമായ നർമ്മ മുഹൂർത്തങ്ങളോ, ഓർത്തിരിക്കാവുന്ന രംഗങ്ങളോ ഒന്നും ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നില്ല. കോമഡി ചിത്രവുമല്ല സസ്പെൻസ് ഡ്രാമയുമല്ല എന്ന നിലയിൽ ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. ഡിസൂസയും ആശയുമായുള്ള ബന്ധത്തെ എങ്ങനെ കാണണം എന്നുള്ളത് പ്രേക്ഷകന് വിട്ടു കൊടുത്തു കൊണ്ടാണ് മുന്നോട്ടു പോകുന്നത് എങ്കിലും, തിരക്കഥയിലെ പാളിച്ചകളും സീരിയസ് സാഹചര്യങ്ങളിലെ ആഴക്കുറവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മനോജ് എന്ന ഒരു ക്രൂരനായ പോലീസുകാരന്റെ കൈയിൽ നിന്ന് ആശയും മകളും രക്ഷപ്പെടുമോ എന്നൊരു ചോദ്യം മാത്രമേ ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നുള്ളു.
നിഷ്കളങ്കനും മനസ്സിൽ നന്മയുള്ളവുമായ കള്ളനെ സൗബിൻ തരക്കേടില്ലാതെ അവതരിപ്പിച്ചു എങ്കിലും കഥാപാത്രം തീർത്തും ദുര്‍ബലമായിരുന്നു എന്നത് കൊണ്ട് തന്നെ മികച്ച പ്രകടനത്തിന് അവസരമില്ലാത്ത അവസ്ഥ ആയിരുന്നു. ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ചു ജീവിക്കേണ്ടി വരുന്ന ആശ എന്ന കഥാപാത്രത്തെ സുരഭി നന്നായി തന്നെ അവതരിപ്പിച്ചപ്പോൾ ക്രൂരനായ മനോജ് എന്ന കഥാപാത്രം ദിലീഷ് പോത്തന്റെ കയ്യിൽ ഭദ്രമായിരുന്നു. വെട്ടുക്കിളി പ്രകാശൻ, ഹാരിഷ് കണാരൻ, വിജയരാഘവൻ, രമേശ് വർമ, സന്തോഷ് കീഴാറ്റൂർ, ശ്രീജിത് രവി, റോണി ഡേവിഡ് എന്നിവരും ചിത്രത്തിൽ ഉണ്ടെങ്കിലും അവർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പ്രശാന്ത് കർമ്മ , ലിയോ ടോം എന്നിവർ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ചില ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങി. അരുൺ ചാലിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതം നിലവാരം പുലർത്തി. ചുരുക്കി പറഞ്ഞാൽ, പ്രേക്ഷകന് പ്രത്യേകിച്ച് ഒന്നും സമ്മാനിക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ കള്ളൻ ഡിസൂസ നിരാശ നൽകുന്ന ചലച്ചിത്രാനുഭവങ്ങളുടെ പട്ടികയിലാണ് സ്ഥാനം പിടിക്കുന്നത്.