ഉലകനായകൻ കമൽ ഹാസൻ കുടുംബത്തോടൊപ്പം തന്റെ ജന്മദേശം ആയ പരമകുടിയിൽ വച്ച് തന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. അവിടെ വെച് കമൽഹാസന്റെ അച്ഛന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. കമൽഹാസൻ അവിടെ എത്തിയതറിഞ്ഞ് താരത്തെ കാണുവാനായി എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങൾ ആരൊക്കെ എന്ന ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടിവന്നു. എന്നാൽ അതിന് ഉത്തരമായി തമിഴ് സിനിമയിലെ ആരുടെയും പേരു പറയാതെ അദ്ദേഹം പറഞ്ഞത് മലയാള നടൻ ആയ ഫഹദ് ഫാസിൽ, ബോളിവുഡ് നടന്മാരായ നവാസുധീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരെ പറ്റിയാണ്.
തന്റെ പിൻഗാമി ആയി മികച്ച നടന്മാർ തമിഴിൽ നിന്നു വരണം എന്നാണ് ആഗ്രഹം എന്നു പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട തമിഴ് നടൻ ആരെന്ന് പറയാൻ വിസമ്മതിക്കുകയും ഫഹദ് ഫാസിലിന്റെ അഭിനയം തനിക്ക് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ഹേ റാമിൽ ഒക്കെ തന്റെ സഹായി ആയി ജോലി ചെയ്ത നവാസുധീൻ സിദ്ദിഖിയേയും ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം തുറന്നുപറഞ്ഞു. യുവ നടനായ ശശാങ്ക് അറോറയുടെ പ്രകടനത്തെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം ശശാങ്കിന്റെ മുഖ ചലനങ്ങൾ അഭിനയ ഇതിഹാസമായ നാഗേഷിനെ അനുസ്മരിപ്പിക്കുന്നു എന്നും പറയുന്നുണ്ട്.