മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടിയാണ് കങ്കണ റണൗട്ട്. അഭിനയംകൊണ്ട് പ്രേക്ഷക പ്രശംസ ഏറെ നേടിയിട്ടുള്ള നടി പക്ഷേ തന്റെ നിലപാടുകള്‍കൊണ്ട് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
തനിക്കെതിരെ തെറ്റായ പ്രചാരണമുണ്ടെന്നും അതിനാല്‍ വിവാഹം നീണ്ടുപോകുകയാണെന്നുമാണ് കങ്കണ റണൗട്ട് പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറഞ്ഞു. പുതിയ ചിത്രം ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ താന്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞിരുന്നു.