അമ്മയുടെ സ്നേഹം വാഴ്ത്തപ്പെടുമ്പോഴും മനപ്പൂർവ്വമല്ലാതെ എടുത്തുകാണിക്കപ്പെടാതെ പോകുന്ന ഒന്നാണ് പുറത്തുകാണിക്കാതെ സ്നേഹിക്കുന്ന അച്ഛൻ എന്ന മനുഷ്യന്റെ ജീവിതം. കാർക്കശ്യക്കാരനാണെങ്കിൽ പോലും അതും അച്ഛന്റെ സ്നേഹമാണ്. ഇന്നത്തെ കാലത്ത് പല അച്ഛന്മാരും മക്കളും ഇത് മറന്നുപോകുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അവിടെയെല്ലാം ഏറെ വ്യത്യസ്തനായ തന്റെ അച്ഛനെ കുറിച്ച് എഴുതിയിരിക്കുകയാണ് കണ്മണി ദാസ് എന്ന എഴുത്തുകാരി. മാനസിക നില തെറ്റിയ സഹോദരിയുടെ മകളെ സ്വന്തം മക്കളേക്കാൾ സ്നേഹിക്കുകയും ആ കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ സ്വന്തം യൗവനം മുതൽ ജീവിതം നിറങ്ങളില്ലാത്തതായി തീർക്കുകയും ആ അച്ഛനിൽ നിന്നും നമുക്ക് പഠിക്കുവാൻ ഏറെയുണ്ട്.
കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മിച്ചു മനസ് കലുഷിതപ്പെടാതിരിക്കാൻ കഴിവതും ശ്രമിക്കുന്ന ഒരാളായതിനാൽ തീവ്രമായ അനുഭവങ്ങൾ ധാരാളം എനിക്ക് മുന്നിലൂടെ കടന്നു പോയെങ്കിലും പലപ്പോഴും അതെല്ലാം ചികഞ്ഞെടുത്തു എഴുതുവാൻ ശ്രമിക്കാറില്ല!! എന്നാൽ പലപ്പോഴും മരണപ്പെട്ടു പോയവരുടെ ഓർമ്മകളിൽ നീറുന്ന കുറെ ആളുകളെ കാണാൻ ഇട വന്നു. അപ്പോൾ പങ്കു വെയ്ക്കണം എന്ന് തോന്നി. എന്റെ പിതാവിന്റെ കൗമാര കാലഘട്ടത്തിൽ ആണ് അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞത്.. വിവാഹം കഴിഞ്ഞു സുന്ദരിയായ ഒരു കുഞ്ഞു ജനിക്കുകയും അതോടൊപ്പം അവരുടെ മാനസിക നില തെറ്റുകയും ചെയ്തത് ഒരുമിച്ചായിരുന്നു എന്നാൽ ഈ അവസ്ഥയുമായി പൊരുത്തപ്പെടാൻ അവരുടെ ഭർത്താവ് തയ്യാറായില്ല. മാനസിക നില തെറ്റിയ ഭാര്യയെയും കുഞ്ഞിനേയും ഏറ്റെടുക്കുവാൻ അയാൾ തയ്യാറായില്ല.. കുഞ്ഞിനെ ഏറ്റുവാങ്ങിയ നിമിഷം മുതൽ കൗമാരം വിട്ടുമാറാത്ത എന്റെ പിതാവ് ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ആവുകയായിരുന്നു. പാല് നൽകുവാനായിട്ട് പോലും അടുത്തേയ്ക്ക് പോവാൻ സാധ്യമല്ലായിരുന്നു. കുഞ്ഞിനെ അവർ പറിച്ചെറിയാൻ ശ്രമിക്കുമായിരുന്നു.. ഒരുപാടു ദുരിതങ്ങളിലൂടെ അദ്ദേഹം ആ കുഞ്ഞിനെ വളർത്തി. സഹോദരിയുടെ അസുഖവും കുഞ്ഞിന്റെ അനാഥത്വവും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.. അവളെ ശ്രദ്ധിക്കുവാൻ ആയിട്ടാണെന്നു തോന്നുന്നു, അവൾക്കു പ്രായപൂർത്തി എത്തുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം വിവാഹം കഴിച്ചത്. പ്രായപൂർത്തി ആവുന്ന ഒരു കുഞ്ഞിന് അമ്മ കൂടി വേണം എന്ന തോന്നൽ!! അമ്മയും അവളോട് സ്നേഹത്തോടെ പെരുമാറി.. പിന്നീട് ഞങ്ങൾ മൂന്ന് കുട്ടികൾക്ക് അമ്മ ജന്മം നൽകി.. അങ്ങനെ നാലുപേർ ഞങ്ങൾ ആ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. അപ്പോഴും അച്ഛന്റെ പ്രിയപ്പെട്ട മകൾ എന്നും അവളായിരുന്നു.. അമ്മയ്ക്ക് ഞങ്ങൾ നാലു പേരും ഒരുപോലെ ആയിരുന്നു.. എന്നാൽ അച്ഛന് അവളോട് ഉള്ള ഇഷ്ടകൂടുതൽ ചിലപ്പോഴൊക്കെ ദേഷ്യം പിടിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്..
ഞങ്ങൾക്ക് നാലുപേർക്കും ഭക്ഷണം തരുമ്പോൾ എല്ലാവർക്കും കൊടുക്കുന്നതേ അവൾക്കും ലഭിക്കു എന്ന തോന്നലിൽ നിന്നാവണം, ഞാൻ അൽപ്പം വൈകും സാധനങ്ങൾ വാങ്ങിക്കുവാൻ അവളെ കടയിലേക്ക് പറഞ്ഞയക്കണം എന്ന് അച്ഛൻ പറഞ്ഞുപോന്നത്. അവൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുക്കുകയും അതിനു ശേഷം നാലു പേർക്കും ഒരുപോലെ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നത് അവളോടുള്ള വത്സല്യകൂടുതൽ. ഇതൊക്കെ മനസിലാക്കുവാനുള്ള പ്രായം എനിക്കായെങ്കിലും അവരുടെ സ്നേഹത്തിന്റെ ഭാഷ അത്ഭുതത്തോടെ നോക്കി കാണുവാൻ ഞാൻ ഇഷ്ടപ്പെട്ടു.. ഇതെന്തു സ്നേഹം ആണെന്ന് അന്നെനിക്ക് മനസിലായില്ല.. ജീവനേക്കാൾ ഏറെ അച്ഛൻ ഞങ്ങളെ സ്നേഹിക്കുന്നുണ്ട്. സ്നേഹത്താൽ ഞങ്ങൾക്കും അമ്മയ്ക്കും ശ്വാസം മുട്ടാറുമുണ്ട്. പക്ഷെ അതിനേക്കാൾ അച്ഛൻ അവളെ സ്നേഹിക്കുന്നു. ഞാൻ പിന്നെയും അതിന്റെ പൊരുൾ അറിയാൻ കാത്തിരുന്നു. കാരണം മറ്റൊന്നും അല്ല. സ്വന്തം കുഞ്ഞുങ്ങളെക്കാൾ മറ്റൊരു കുഞ്ഞിനെ സ്നേഹിക്കുക എന്ന് വെച്ചാൽ എന്താണെന്നു അന്ന് എനിക്ക് മനസിലായില്ല.. അച്ഛന്റെ കയ്യിൽ പണം തികയാതെ വരുന്ന സന്ദർഭങ്ങളിൽ അവൾക്കു മാത്രമായി അച്ഛൻ സമ്മാനങ്ങൾ വാങ്ങിക്കുമായിരുന്നു.. അവൾ മുതിർന്ന കുട്ടിയല്ലേ നിങ്ങൾ കൊച്ചു കുട്ടികൾ അല്ലേ എന്നൊക്കെ അച്ഛൻ പറയുമായിരുന്നു 😊 (ഞങ്ങൾ മുതിർന്നപ്പോൾ ഞങ്ങൾക്കും കൃത്യമായി പ്രായത്തിനനുസൃതമായ സമ്മാനങ്ങൾ വാങ്ങി തന്നു). സന്തോഷകരമായ ജീവിതം പിന്നെയും മുന്നോട്ട് പോയി. വിവാഹ പ്രായമെത്തിയപ്പോൾ അവളുടെ താത്കാലിക വേർപാട് വേദനയോടെ എങ്കിലും അച്ഛൻ ഉൾക്കൊണ്ടു… കാരണം വിവാഹം കഴിച്ചയാൾ അച്ഛൻ എങ്ങനെ അവളെ നോക്കിയോ അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ മനോഹരമായി അവളെ സംരക്ഷിച്ചു പോന്നു.. പെട്ടന്നാണ് ഒരു ദിവസം അവളുടെ കാഴ്ച മങ്ങിയത്. ബോധം നിലച്ചത്.. അവളെയും എടുത്തു കൊണ്ട് എല്ലാവരും ആശുപത്രിയിലേക്കോടി.. എല്ലാ ടെസ്റ്റുകൾക്കും ഒടുവിൽ ഡോക്ടർ പറഞ്ഞു ബ്രെയിൻ ട്യൂമർ ആണ് രക്ഷപ്പെടില്ല. പിന്നീട് അവൾ ഒരിക്കലും കണ്ണ് തുറന്നില്ല.. പത്തൊൻപതാമത്തെ വയസിൽ അവൾ ഞങ്ങളോട് യാത്ര പറഞ്ഞു.. അവളെയും വഹിച്ചു കൊണ്ട് ആംബുലൻസ് മുറ്റത്തു നിന്നു. അവൾ എന്റെ പ്രിയപ്പെട്ട ചേച്ചിയാണ്. പക്ഷെ എന്നെ അവളുടെ മരണത്തെക്കാൾ ഭയപ്പെടുത്തിയത് അച്ഛന്റെ അവസ്ഥ എന്താവും എന്ന തോന്നലാണ്. അവളുടെ മൃതശരീരത്തിലേക്ക് അച്ഛൻ നോക്കിയില്ല. പക്ഷെ അച്ഛൻ കരയുന്നത് ഞാൻ ആദ്യമായി കണ്ടു. കമ്യൂണിസ്റ്റുകാരനായ സഖാവായ തന്റേടിയായായ ഏതു പ്രശ്നങ്ങളെയും ചങ്കൂറ്റത്തോടെ നേരിട്ടിരുന്ന എന്റെ അച്ഛൻ ഉറക്കെ ഉറക്കെ ഉച്ചത്തിൽ പൊട്ടിക്കരയുന്നത് ഞാൻ കേട്ടു. എനിക്കതു കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവളുടെ മൃതശരീരം എടുത്തു കൊണ്ടുപോകുമ്പോൾ അച്ഛൻ ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. എനിക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നിരുന്നില്ലേ അതിലൊരാളെ കൊണ്ടുപോകാമായിരുന്നില്ലേ??? അവർക്കു ഞാൻ അച്ഛൻ മാത്രമായിരുന്നു. എന്നാൽ എന്റെ മുത്തിന് ഞാൻ അച്ഛനും അമ്മയും ആയിരുന്നു.. എന്ന് പറഞ്ഞുകൊണ്ട് ബോധരഹിതനായ അച്ഛന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു. അച്ഛന്റെ അവളോടുള്ള സ്നേഹത്തിന്റെ ആഴവും പൊരുളും അന്ന് കുട്ടിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു.. ഹൃദയം തകർന്നു ഞാനും എന്റെ അച്ഛന്റെ വേദനയോടൊപ്പം പങ്കു ചേർന്നു. പലയാവർത്തി ഇവിടെ ഉണ്ടെന്നു പറയുന്ന ദൈവങ്ങളോട് ഞാൻ ചോദിച്ചു. മൂന്ന് മക്കളിൽ ഒരാളെ കൊണ്ടുപോകാമായിരുന്നില്ലേ എന്നച്ഛൻ പറഞ്ഞ ആ ഒരാൾ എന്തുകൊണ്ട് ഞാൻ ആയില്ല എന്ന്. കാരണം എന്റെ അച്ഛൻ വേദനിക്കുന്നത് കാണാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല.. പിന്നീട് ഒരിക്കലും അച്ഛൻ ഹൃദയം തുറന്നു ചിരിച്ചില്ല. യുവാവായിരുന്നിട്ടും നിറങ്ങൾ അച്ഛൻ ഉപേക്ഷിച്ചു.. ശുഭ്രവസ്ത്രധാരിയായി.. അവൾ മരിക്കുന്നതിന് തൊട്ടു മുൻപ് അച്ഛന്റെ പിറന്നാളിന് അവൾ സമ്മാനമായി നൽകിയ ഉടുപ്പാണ് അവസാനമായി ധരിച്ച നിറമുള്ള ഉടുപ്പ്… അത് ഭദ്രമായി വയ്ക്കണമെന്നും മരണം വന്നു വിളിക്കുമ്പോൾ അവളുടെ ഈ ഉടുപ്പ് ധരിപ്പിക്കണം എന്നും പറഞ്ഞു അമ്മയെ ഏല്പിച്ചിരിക്കുകയാണ്!! അവളുടെ ഫോട്ടോകൾ, വസ്ത്രങ്ങൾ എല്ലാം അച്ഛനെ ഭ്രാന്തു പിടിപ്പിച്ചു. അമ്മ എല്ലാം ഒളിപ്പിച്ചു വെച്ചു.. ഇപ്പോഴും അച്ഛൻ കർമ്മനിരതനാണ്. കുടുംബസ്നേഹി ആണ്. എന്നിരുന്നാലും അവളുടെ ഓർമ്മകൾ അച്ഛന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു.. ഒരിക്കൽ പോലും അച്ഛന്റെ അവളോടുള്ള സ്നേഹത്തിൽ അസൂയപ്പെടാതെ അത്ഭുതത്തോടെ നോക്കി കണ്ടതിൽ ഒരു ജൻമം കിട്ടേണ്ട എല്ലാ സ്നേഹവും അവൾക്കു ലഭിച്ച സന്തോഷത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്.. ജീവിച്ചിരിക്കുമ്പോൾ നിങ്ങളോടൊപ്പമുള്ളവരെ സ്നേഹവയ്പ്പുകളോടെ പുണരുക. മരണപ്പെട്ടവർ അവർ നമ്മളോടൊപ്പം ഇല്ല. മരണപ്പെട്ടതിനു ശേഷം അവർക്കു വേണ്ടി നിങ്ങൾ ചെയ്യുന്ന ഒരു കർമ്മവും അവരറിയുന്നില്ല. മറിച്ചു നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങൾക്ക് മനസമാധാനം നൽകുന്നു. അത്രമാത്രം.. നിങ്ങളുടെ ഓർമ്മകളും, വിശ്വാസങ്ങളും യഥാർഥ്യങ്ങളുടെ ഒരുപാടു അകലെയാണ്!!! ഓർമകളിൽ നിന്നു മോചനം നേടാൻ എന്റെ പിതാവിനും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു അവരുടെ ഓർമകളിൽ വേദനിച്ചു ജീവിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും സാധിക്കട്ടെ 💞