കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ധീരജ് ഡെന്നിയും ആദ്യ പ്രസാദും നായകരായി എത്തിയ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അൽത്താഫ്, എൽദോ മാത്യു, വിഷ്ണു പുരുഷൻ, അനീഷ് ഗോപാൽ എന്നിവർ അഭിനയിച്ച ഒരു രംഗമാണ് ഇപ്പോൾ യുട്യൂബിൽ എത്തിയിരിക്കുന്നത്. സിനിമയിലെ ഒരു രസകരമായ രംഗമാണ് ഇത്.
ശരത് ജി മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഫസ്റ്റ് പേജ് എന്റർടയിൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിർമാണം. നേരത്തെ, ജനുവരി 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. പ്രണയത്തിനും സൗഹൃദത്തിനും ഹാസ്യത്തിനും ഇടം നൽകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ എന്നിവരാണ് ചിത്രത്തിനായി പാട്ടുകൾ എഴുതിയത്. ക്യാമറ – പ്രശാന്ത് കൃഷ്ണ, എഡിറ്റർ – റെക്സൺ ജോസഫ്.