കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ ഇന്നുമുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് ജി മോഹനാണ്. ഫസ്റ്റ് പേജ് എന്റർടയിൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിലെ നായക കഥാപാത്രമായി ധീരദ് ഡെന്നി എത്തുമ്പോൾ ആദ്യ പ്രസാദ് ആണ് നായികയായി എത്തുന്നത്.
നേരത്തെ, ജനുവരി 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. പ്രണയത്തിനും സൗഹൃദത്തിനും ഹാസ്യത്തിനും ഇടം നൽകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ എന്നിവരാണ് ചിത്രത്തിനായി പാട്ടുകൾ എഴുതിയത്. ക്യാമറ – പ്രശാന്ത് കൃഷ്ണ, എഡിറ്റർ – റെക്സൺ ജോസഫ്.